മുല്ലവള്ളികൾ


വസന്തം
                           എബിന്‍ ബാബു
  
ഐസ്ക്യൂബുകളുടെ വസന്തകാലത്ത്
ആത്മാവിന്റെ കാസായിൽ
കുപ്പിച്ചുണ്ടുകളുമ്മനുരയിച്ച്
തീപടർത്തിത്തുടങ്ങും.
നമ്മുടെ 'മാജിക്മൊമന്റ്സ്'
'സെലിബ്രേഷ'നിലേക്ക്
താണിറങ്ങിവരും.
പുളിച്ചുതികട്ടിയ വാക്കരുവികളിൽ
നിഘണ്ടുക്കൂടകളിലടയാതെപോയ
മുളളുമത്സ്യങ്ങൾ പുളക്കും.
തലച്ചോറുരുട്ടിയയിലകളിൽ
ഓർമകളുടെ ബലിക്കാക്ക പറന്നുകൊത്തും.
മെലിഞ്ഞുകുറുകിയ ഞരമ്പിന്റെ കൊമ്പിൽനിന്ന്,
നിരാശക്കായ അടർന്നുവീഴും.
ഒറ്റയുറക്കത്തിന്റെയാഘോഷത്തിനൊടുവിൽ,
അസ്ഥിപൂക്കുന്ന അഗ്നിശൈത്യത്തിൽനിന്ന്
ഐസ്ക്യൂബുകൾ, അലിഞ്ഞുതീരുന്ന വസന്തമാവുന്നു.


വിളികള്‍
                           കെ സി വാലി 

സുഹൃത്തേ എന്ന വിളിയാല്‍
മയങ്ങിയ എന്‍ ഹൃദയം
എഴുന്നേല്‍ക്കും മുന്‍പ്‌ അവര്‍ ശത്രു-
എന്ന് വിളിക്കാന്‍ മറന്നില്ല...

നല്ലവന്‍ എന്ന് പറഞ്ഞവര്‍-
നന്മ സമര്‍പ്പിച്ചിട്ടും,
കപടന്‍ എന്ന് വിളിക്കാന്‍ മറന്നില്ല...

സുമുഖന്‍ എന്ന് വിളിച്ചവര്‍-
സൗന്ദര്യം വിട്ടകലും മുമ്പവര്‍
വിരൂപന്‍ എന്ന് വിളിക്കാന്‍ മറന്നില്ല...

വിഡ്ഢി എന്ന് വിളിച്ചവര്‍-
ഞാനെത്ര കൌശലക്കാരനായിട്ടും
ബുദ്ധിമാന്‍ എന്ന് വിളിക്കാന്‍
അവര്‍ ഓര്‍ത്തതും ഇല്ല...

വാക്കുകൾ
                                                          അമീന കബീർ



അസ്ഥി പൊടിയുംപോലെ,
വേദന മൂർഛിക്കുന്നു.

ഭിത്തികൾക്കിടയിൽപെട്ട്,
ഞെങ്ങിഞെരുങ്ങുകയാണ് 
ഹൃദയം.
രക്തം ശക്തമായി പ്രവഹിക്കുന്നു.
അടഞ്ഞുകിടന്ന അണക്കെട്ട് 
തുറന്നുവിട്ടപോലെ.
കർണ്ണപടങ്ങൾക്കു 
ശ്രവിക്കുവാൻ തക്കവണ്ണം-
മുഴക്കത്തിൽ ആഞ്ഞിടിക്കുന്നു.
പാറയിൻമേൽ ചുറ്റികകൊണ്ട് ആഞ്ഞടിക്കുംപോലെ.
തലച്ചോറിൽ ചിന്തകൾ 
സമ്മർദ്ദം ചെലുത്തുമ്പോൾ,
ഹൃദയം അതോടൊപ്പം 
വേഗത കൈവരിക്കുന്നു.
അസ്ത്രമുനകൾ  തുളച്ചുകയറുന്നു.



ഇന്റർനെറ്റ്‌
                                                                                                 - K C VALLEY

ഇരുളുകൾ അടഞ്ഞ എൻ ഹൃദയത്തിൽ
വിജ്ഞാനത്തിൻ മുത്തുകൾ നൽകി നീ

വിരൽ തുമ്പിൽ നീ ലോകം തെളിയിച്ചു

കഥകൾ കവിതകൾ ചിത്രങ്ങൾ തുടങ്ങി

പലതരം വിജ്ഞാന ഉറവകൾ നൽകി നീ

അകലങ്ങളിൽ മറഞഞ്ഞ ബന്ധങ്ങൾ കൂട്ടിയിണക്കി നീ
മറഞ്ഞ് പോയ ചരിത്രത്തിലേക്ക് വഴികാണിച്ച്‌ നീ
ഏകാന്തതയിൽ അലയുന്ന മനസ്സുകൾക്ക് ആശ്രിതയായി നീ
വഴികാണതലയുന്ന കാഫിലക്കാർക്ക് ദിശകൾ നൽകി നീ
അങ്ങനെ പോകുന്നു നിൻ നൻമതൻ ചങ്ങലകൾ

ഇലക്ട്രോണിക് വലയത്തിൽ അകപെട്ട മനുഷ്യാ നീ
നിൻ യാഥാർത്ഥ്യ സ്നേഹ വലയത്തിൽ നിന്ന് എത്രയോ അകന്നോ?



പുനർജന്മം
                                                                                           - അമീന കബീർ

പീടികയിൽ സ്ഥാനം പിടിച്ച പ്ലാസ്റ്റിക്ക് കുപ്പികൾ,
നിരനിരയായങ്ങനെ.

പളുങ്കുപോലെ ശുദ്ധജലം നിറച്ചിരിക്കുന്നു.

തെളിമയാർന്ന ജലം കാണുവാൻ എന്ത് ഭംഗി!

ഇന്നീ നൂറ്റാണ്ടിൽ ജലസ്രോതസ്സുകളിൽ പോലും

കാണാൻ കഴിയാത്ത തെളിമ.
തുട്ടുകൾ നൽകിയാൽ വിപണിയിൽ സുലഭം.
കുടിച്ചശേഷം വലിച്ചെറിയപ്പെടുന്ന കുപ്പികൾ,
പീന്നീടെവിടെയെത്തുന്നു?
ഒരു പുനർജന്മം ഈ കുപ്പികൾക്ക് ലഭിക്കുന്നുവോ?
അഴുക്കുചാലുകളിൽ നിന്ന് പുതുമയിലേക്ക് ആരൊക്കെയോ പുനർജീവിപ്പിക്കുന്നുണ്ടാകാം.
രോഗം പരത്തുവാൻ ശക്തി ആർജിച്ചുകൊണ്ട്,
വീണ്ടും വിപണിയിലേക്ക്.
ശുദ്ധജലം എന്ന നാമവുമായി.
ഇന്നു നദികളും പുഴകളും ഇല്ല.
എവിടെയെന്ന ചോദ്യത്തിനു കാലം നൽകിയ മറുപടി,
അവയെല്ലാം ഇന്നു കുപ്പിയിലായത്രേ



പടക്കം
                                                                                                   - K C Valley






പൊട്ടി പിടയുന്ന എൻ ഹൃദയവുമായി -

ഞാൻ അമ്പലത്തിലേക്ക് അടുത്തപ്പോൾ,

ഹൃദയം വിങ്ങി പൊട്ടിക്കും ആ പടക്കം ശബ്ദങ്ങൾ...


ശാന്തി തേടി വന്ന എൻ ഹൃദയം - 
ഒരു കൂട്ടം ശബ്ദങ്ങളാൽ വീണ്ടും പൊട്ടാൻ തുടങ്ങി... 
അകലണോ അതോ അടുക്കണോ - 
എൻ സംശയം ബാക്കിയാകു മുമ്പേ... 
ആ ഇടി നാഥങ്ങൾ എൻ ശരീരത്തിലേക്ക് തുളച്ച് കയറി. 

ഞാൻ എന്തിനെ പേടിച്ച് വന്നുവോ... 
അതിനാൽ തന്നെ എൻ പ്രാണനെയും - 
കെണ്ടതു മടങ്ങി...



വാക്കുകൾ
                                                                                           - അമീന കബീർ


അസ്ഥി പൊടിയുംപോലെ,

വേദന മൂർഛിക്കുന്നു.

ഭിത്തികൾക്കിടയിൽപെട്ട്,

ഞെങ്ങിഞെരുങ്ങുകയാണ് ഹൃദയം.

രക്തം ശക്തമായി പ്രവഹിക്കുന്നു.

അടഞ്ഞുകിടന്ന അണക്കെട്ട് തുറന്നുവിട്ടപോലെ. 
കർണ്ണപടങ്ങൾക്കു ശ്രവിക്കുവാൻ തക്കവണ്ണം- 
മുഴക്കത്തിൽ ആഞ്ഞിടിക്കുന്നു. 
പാറയിൻമേൽ ചുറ്റികകൊണ്ട് ആഞ്ഞടിക്കുംപോലെ. 
തലച്ചോറിൽ ചിന്തകൾ സമ്മർദ്ദം ചെലുത്തുമ്പോൾ, 
ഹൃദയം അതോടൊപ്പം വേഗത കൈവരിക്കുന്നു. 
അസ്ത്രമുനകൾ തുളച്ചുകയറുന്നു. 
വാക്കുകൾക്കിത്ര മൂർച്ചയോ? 
ആയുധം വാക്കുകളായതിനാലാകാം, 
വേദനയിത്ര അസഹനീയം. 
തിരിച്ചെടുക്കാനാവാത്ത, 
ശക്തിയും മൂർച്ചയേറിയതുമായ ആയുധം.



എൻ തെറ്റ്
                                                                                         - നിഖിൽ വി പി


പണ്ടെന്നോ നിൻ വിരൽതുമ്പിൽ പിടിച്ചു

പിച്ചവച്ചുനടന്ന നാളുകൾ വെറും ഓർമയായി.

അവിടുന്നു എങ്ങോ കുതിച്ചു പാഞ്ഞ എൻ മനസ്സ് 

നിൻ മിഴികൾതൻ അഗ്നിയിൽ നീരാവിയായി. 

അവന്റെ മൂളൽ കേൾകാതെ ഏതോ സന്ധ്യയുടെ 

ഇരുളിൽ ഞാൻ ഓടി മറഞ്ഞു. 
ജീവിതം എന്ന സത്യത്തെ ഞാൻ മറച്ചു വച്ചതോ 
അതോ ആ സത്യം എന്നിൽ നിന്ന് ഒളിഞ്ഞു നിന്നതോ? 
ഉപേക്ഷിക്കപെട്ട ഓർമയും, മരവിച്ച മനസ്സുമായി 
ഞാൻ എവിടെയോ അലഞ്ഞു അലിഞ്ഞു ചേർന്നു. 
നാളുകൾ ഓടി മായുംപോലെ 
പരാചയങ്ങൾ എന്നെ പിന്തുടർന്നു. 
ഒടുവിൽ അവസാന ശ്വാസം എന്നെ തോൽപിച്ചപ്പോൾ 
ഞാൻ അവന്റെ വാക്കുകൾ ഓർത്തു.... വെറും ഓർമയായി.......



മഴ
                                                                                                 - K C Valley


ആകാശ നീലിമയിൽ പാറികളിച്ച നീ -

ഇന്നെന്തെ കണ്ണിരായി ഭൂമിയിലേക്ക്‌ ഒഴുകിയത്?

മനുഷന്റെ ക്രൂരതകൾ കണ്ട് ഹൃദയം വിങ്ങിയതോ?

അല്ല, വറ്റിവരണ്ട മരുഭൂമിക്കു ജീവൻ നൽകാനോ? 



ഒരുതുള്ളി ജലത്തിനായി വിതുമ്പുന്ന - 
വേഴാമ്പൽ കിളിയുടെ തേങ്ങൽ, 
ആകാശത്തിലേക്ക് ഉയരുന്ന - 
നീരാവികൾ നിന്നിലേക്ക്‌ എത്തിച്ചുവോ? 

വെട്ടി തിളങ്ങുന്ന നക്ഷത്ര കൂട്ടത്തിനിടയിൽ കൂടി - 
ഒഴുകി നടന്ന നിന്നെ അവർ കൈ ഒഴിഞ്ഞതോ? 
സൂര്യ താപനത്താൽ വെന്തുരുകുന്ന ജീവജാലത്തിൻ - 
ചുടു കണ്ണീർ നിന്നിലേക്ക്‌ ഉയർന്നതോ? 




ബാക്കിയായത്
                                                                                           - ഫൗസ്യ അൻസാരി


കിടക്കപങ്കിടുമ്പോൾ,

എന്റെ സ്വപ്‌നങ്ങൾ നിന്റെതും

നിന്റെ സ്വപ്‌നങ്ങൾ എന്റെതുമായിരുന്നു ഒടുവിൽ,

ഉപയോഗിക്കാതെ വലിച്ചെറിഞ്ഞ 

ഉറകൾക്കൊപ്പം 

നിന്റെ സ്വപ്നങ്ങളേയും 
ഞാനാ പിഞ്ഞിയമെത്തയിൽ 
ഉപേക്ഷിച്ചു. 
എന്റെ സ്വപ്നങ്ങളോ? 
അവ നിന്റെ ഗർഭപാത്രത്തിൽ 
വളർച്ച തുടങ്ങിക്കഴിഞ്ഞിരുന്നു. 




നൂൽപാവ
                                                                                           - ആതിര ഗോപാലകൃഷ്ണൻ


യാത്രയാകുന്നു ഞാൻ എൻ സ്ത്രീത്വ ബോധത്തിൽ 

ആളിപടരുന്നോരഗ്നിയുമായി

പിന്നിൽ വലിച്ചടച്ചതൊരുകതകല്ല മറിച്ചവളുടെ

സ്വപ്നത്തിൻ വാതിലാണ്

ജീവനും ആത്മാവും അർപിച്ചുസ്നേഹിച്ചിട്ടവളെന്തു 

നേടിയിജീവിതത്തിൽ 
ചങ്ങലകെട്ടുകൾക്കിടയിൽ കുരുങ്ങികിടന്നൊരു 
നിശാശലഭംപോലെ 
പാദ്യശരങ്ങൾതൻ കൂർത്തമുനയാൽചിതറിത്തെറിച്ചു നിൻ 
ആർദ്രഹൃദയം 
തിരികെയെടുത്തത് തുന്നിചെർക്കുവാനാകാതെ 
അവൾ പകച്ചുനിന്നു 
സ്നേഹമല്ല അതു മറിച്ചു ഇരുണ്ട കാപട്യമാണെന്ന് 
അറിഞ്ഞതോവൈകി 
ഒടുവിലന്നാദ്യമായി അവളിറങ്ങി തന്റെമരിക്കാത്ത 
ഓർമ്മതൻ കെട്ടുമായി 
ആരോ ചലിപ്പിക്കും പാവപോലെ ഇനി അവൾക്കാവില്ല 
നൂലിഴയിൽ ജീവിക്കുവാൻ 
ഇനി എവിടെയോ തനിക്കായി കാത്തിരിക്കും 
ആത്മാവിനെതോട്ടുണർത്താൻ 
ചുറ്റും ഇരുൾപരക്കുംവഴിയെ അവൾ നടന്നു 
ഏകയായി ദൂരേക്ക്‌ മറയാൻ 
ഉള്ളിന്റെ ഉള്ളിലെ അഗ്നിയാണിന്നവൾക്ക് വഴികാട്ടി 
നിൽക്കുന്ന പൊൻവെളിച്ചം.



ഓർമ്മകൾ
                                                                                           - ഫൗസ്യ അൻസാരി

എന്റെ ഓർമ്മകൾ
മരിക്കാൻ തുടങ്ങിയിരിക്കുന്നു 

മാർബിൾ ഫലകങ്ങൾ കൊണ്ടുതീർത്ത 

കട്ടിയുള്ള കല്ലറയിൽ 

നിങ്ങളതിനെ അടക്കംചെയ്യുക 

പ്രാർത്ഥന വാക്യങ്ങളും 

കൊത്തിവക്കുക. 

അതിന്റെ 'ദുരാത്മാവ്‌' 

ഞെങ്ങിഞ്ഞെരുങ്ങി 

പുറത്തുവരാതിരിക്കട്ടെ 

കാലങ്ങൾക്കു ശേഷം 

പുൽനാമ്പുകൾ 

മുളച്ചുപൊന്തിയെന്നിരിക്കും, 

വേരോടെ പിഴുതെറിയണം 
എല്ലാറ്റിനെയും. 




ചന്ദ്രൻ
                                                                                                  - K C Valley


ആ സൂര്യ കിരണങ്ങൾ മായും മുംബു - നീ

ഞങ്ങൾക്ക് പ്രഭയെകിയിരുന്ന ദിനമേ,

ഇന്ന് നീ വരാൻ മറന്നതോ അതോ-

ആരോ തടഞ്ഞു വച്ചതോ. 

വഴികാണാതെ അലയുന്ന പറവകൾക്ക് ദിശകാണിച്ചു - നീ 

രാപാടി കിളികൾക്ക് താളം നൽകി - നീ 

ചിന്തയിൽ അലയുന്ന മനുഷ്യന് വഴി കാണിച്ചു - നീ 

ഇന്ന് നീ വരാൻ മറന്നതോ അതോ - 

ആരോ തടഞ്ഞു വച്ചതോ. 

പ്രഭാത യാത്രികൾക്ക് കുളിരേകും നിൻ പ്രഭ 

നിലാരബർക്ക് ശാന്തിയായ് നിൻ പ്രഭ 

പടിഞ്ഞാറിൽ മറയുന്ന സൂര്യന്റെ - 

ദൂതനായി വരുന്ന - നീ 
ഇന്ന് നീ വരാൻ മറന്നതോ അതോ - 
ആരോ തടഞ്ഞു വച്ചതോ.




തിരിച്ചറിവ്

                                                                                     - ഫൗസിയ അന്‍സാരി

ക്രൂശിക്കപെട്ടവനെത്തേടുക, 
അവർ പറഞ്ഞു 
എന്നിട്ടും ഞാൻ പരതിയത്‌ 
ഒറ്റുകാരനെയായിരുന്നു 
മുപ്പതു വെള്ളിക്കാശിനു ആത്മാവിനെ 
ബലി നല്കിയവനെ 
പശ്ചാതാപത്താൽ നീറി നീറി 
സ്വയം വെന്തെരിഞ്ഞവനെ.
'അവൻ പാപിയാണ്', 'അവൻ പാപിയാണ്'
അവൻ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.
അത്ഭുതം തന്നെ,
എന്റെ ഒറ്റുകാരന് ക്രൂശിതന്റെ 
മുഖമായിരുന്നു 
ആ തിരിച്ചറിവിനാൽ മടക്കയത്രക്കൊരുങ്ങവെ
അവർ അവനെ കുരിശിലേറ്റി.


ഏകാന്തത

                                                                                        - ആതിര ഗോപാലകൃഷ്ണൻ

ഇന്നീ ജനാലതൻ ഓരത്ത് ഞാൻ നിന്നു
മെല്ലെ മുഖമൊന്നുയർത്തി നോക്കി
ദൂരെ ഏകാന്തമായ് നീളുന്ന പാതയിൽ
ആരെയോ തേടിയെൻ കണ്ണലഞ്ഞു
അന്നു രാത്രിയിലഗാധമാം ഇരുളിന്റെ
വാതിൽ തുറന്നു കിടന്നു പോയി
വിധിയെന്നു ചൊല്ലാൻ മടിച്ചു നിന്നു
എൻ ഹൃദയത്തിലാളിയ തീയെന്റെ
കണ്ണിലൂടൊരു നീർച്ചലായി ഒഴുകി എത്തി
നിൻ വിറയാർന്ന നെറ്റിയിൽ എൻ
സ്നേഹചുംബനപ്പൂക്കളർപ്പിക്കുവാനാകാതെ മാറിനിന്നു
ഒരു വാക്കുപോലും മൊഴിഞ്ഞിടാതെ
അകലേക്ക്‌ എങ്ങോ മറഞ്ഞു പോയി
കൈയെത്തും ദൂരത്തുറങ്ങിയിട്ടും
പ്രകൃതിതൻ മറയാൽ അകന്നു പോയി
ഇനിയൊരു ജന്മം എനിക്കുവേണം 
തിരികെ നൽകീടുവാൻ എന്റെ സ്നേഹം


വേനല്‍
                                                                             - അമീന കബീര്‍


ഇന്നെന്‍റെ ആഘാതം നിന്നില്‍ 

പതിക്കുമ്പോള്‍ 

നീ ഉരുകി വെണ്ണീറാകുന്നുവോ

മര്‍ത്യാ...

ഹേ! നീയെന്തിനായ് ഭയക്കുന്നു? 

ഇതു നീയര്‍ഹിപ്പതു തന്നെ... 

ഒരുവേള നീയൊരു 

തൈ നട്ടിരുന്നെങ്കില്‍ 

ഒരു വനമായ് അതിന്നു 

നില കൊണ്ടേനെ... 

ജലാശയങ്ങള്‍ 

ഘനനം ചെയ്തില്ലെന്നാല്‍ 

ഒരു കടലോളം ജലം 

നിനക്കായ് പൊഴിഞ്ഞേനെ... 

തരുവാനെനിക്കിന്നു 

നിര്‍വാഹമില്ല ജലം, 

തരു ഇന്നു ഭൂമിയില്‍ 

ഇല്ലായ്മ ചെയ്തു നീ... 

അറുതിയില്ലാത്തയീ വേനല്‍ നിനക്കി- 

ന്നഭികാമ്യമാണെന്നറിഞ്ഞീട നീ...!

എന്‍ പ്രണയം

                                                                              - അനഘ അജിത്‌


നീ എന്‍റെതാണെന്നു ഞാന്‍ വിശ്വസിച്ചു 
പലരോടും ഉറക്കെ പറഞ്ഞു
എന്നാല്‍ ഇന്ന് നീ എന്നരികിലില്ല 
എന്ന യാഥാര്‍ത്ഥ്യം ഞാന്‍ ഉള്‍ക്കൊള്ളുന്നു 

ആദ്യമായും അവസാനമായും 
ഞാന്‍ പ്രണയിച്ചത് നിന്നെയാണ് 
സ്നേഹത്തിന്‍ വില എന്തെന്ന് 
എന്നില്‍നിന്നകലുമ്പോള്‍ 
നീ മനസ്സിലാക്കും 

മരിക്കുവോളം ഞാന്‍ സ്നേഹിക്കും, 
അത് പലരെയല്ല, നിന്നെ മാത്രം 
സ്നേഹത്തിന്‍റെ വില എന്നെ 
പഠിപ്പിച്ചത് നീ മാത്രമാണ് 

ജീവിതാന്ത്യം വരെ കൂടെ കാണുമെന്നു 
ഞാന്‍ വിശ്വസിച്ചു, പക്ഷേ 
ഇന്നു നീ എന്‍ കൂടെയില്ല 
എന്നത് അസഹനീയം 

വിരസമീ ജീവിതം 
നീ എന്‍റെതും ഞാന്‍ നിന്‍റെതും 
അല്ലാത്ത ഈ ജീവിതം...




കാത്തിരിപ്പ്
                                                                    
                                                                               - മുഹമ്മദ് ഇഖ്ബാൽ. എ



നിശയൊഴുകും വഴിയേ

ഞാനെന്‍റെ നശ്വര ചിന്തകളെ

കടത്തിറക്കാനിറങ്ങി.



നിദ്രയാം തോണി

തുഴയില്ലാതെ 

അകലേക്കു യാത്രയായി. 



മോഹങ്ങളുടെ വേലിയേറ്റം 

നിഗൂഢതയുടെ 

ആഴം പെരുപ്പിച്ചു. 



വിദൂരതയിലെ പച്ചപ്പുകൾ 

അരികിലെ 

ഗർത്തം മറച്ചു. 



വീഴ്ചയുടെ വ്യഥകൾ

ആദ്യന്തം

അദൃശ്യമാക്കി മറഞ്ഞു.

ഭീതിയുടെ കൂടാരം

വിശ്രമത്തിനു സ്വാഗതമരുളി. 

നഷ്ടങ്ങൾ,

കാലവും കാത്തിരിപ്പുമായി

പകിട കളിച്ചിരുന്നു.



പ്രതീക്ഷകൾ 

കുപ്പിക്കഴുത്തുകളായി 

പുറത്തേക്കുള്ള പാത 

കാട്ടിക്കൊണ്ടിരുന്നു. 



വീടണയാത്ത യാത്രയിലെവിടെയോ 

പ്രഭാതത്തിന്‍റെ തുരുത്ത് 

തെളിഞ്ഞു വന്നു. 



തിരികെയെത്താമെന്ന 

ഭംഗിവാക്ക് ചൊല്ലി 

നിദ്രയകന്നു. 



മരണത്തിലേക്കുള്ള ശകടത്തിനിനി 

എത്ര കാത്തിരിക്കണം?


അടര്‍ന്നുവീണ യൗവനം

                                 -സുഹാന ഷൗക്കത്ത്


നിറമടര്‍ന്നു വീണ, ചുവരാകെ വിള്ളല്‍ വീണ
ആ വീട് ഒരുപക്ഷേ നിങ്ങള്‍ കണ്ടിട്ടുണ്ടാവും
ചൂലിന്‍റെ പാടുകള്‍ ഏറ്റുവാങ്ങാതെ
കരിയില കൂടി കിടക്കുന്ന,
നിറഭേദങ്ങള്‍ ഒഴിഞ്ഞുപോയ ആ മുറ്റത്തിന്‍റെ
ഏതോ ഒരു കോണിലായ്,
ഭൂതകാലം യവനികക്കുള്ളില്‍ മറച്ച
യൗവനം പോലെ ഒരു ഗൃഹം.....
എനിക്കേറെ പ്രിയപ്പെട്ട ഒരു മനുഷ്യന്‍
ആ വീടിന്‍റെ ഇരുളിലെവിടെയോ ഉണ്ട്
ഗൃഹദുമാദി ചൂര്‍ണവും ,
പുനര്‍ന്നവാസ കഷായവും ഭക്ഷണമാക്കി
ജീവിക്കുന്ന ഒരു മനുഷ്യന്‍
എന്‍റെ മുത്തച്ഛന്‍
നീരുവെച്ചു വീര്‍ത്ത ആ കാലി ല്‍
വേദനിപ്പിക്കാതെ ഞാന്‍ തലോടുമ്പോ ള്‍
മീനിന്‍റെചിതമ്പലു പോലെ
ഇളകി വരുന്ന തൊലിയുള്ള ആ കാലുകള്‍ٹ
കരുത്തോടെ എന്നെ നടക്കാന്‍ പഠിപ്പിച്ചത്
അദ്ദേഹമായിരുന്നു.
നരച്ച രോമങ്ങള്‍ കൊഴിഞ്ഞുപോയ
ആ നെഞ്ചില്‍, ശ്വാസം വലിച്ചെടുക്കാന്‍
ആ മനുഷ്യന്‍ പരസഹായം തേടുന്നു.
ആ നെഞ്ചിലെ ഹൃദയ താളം ഏറ്റുവാങ്ങിയാണ്
ഒരിക്കല്‍ ഞാനുറങ്ങിയിരുന്നത്
മൂക്കില്‍നിന്നും ഒലിച്ചിറങ്ങുന്നതുപോലും
തുടച്ചുമാറ്റാന്‍ കരുത്തില്ലാത്തവയായി
മാറി ആ കൈകള്‍
നടന്നു തുടങ്ങിയ കാലത്ത് മറിഞ്ഞുവീണ
എന്നെ താങ്ങിയെടുത്തതും
ഒരിക്കല്‍ ആ കൈകളായിരുന്നു.
ഇന്നിപ്പോള്‍,
വികൃതമായ ആ തൊലിയില്‍ തൊടാ ന്‍,
കഴിച്ചു ബാക്കിയായ ആപ്പിള്‍ നീട്ടുമ്പോ ള്‍
അത്  വാങ്ങാന്‍,
ഉമിനീരൊലിക്കുന്ന ആ കവിളില്‍
ഒന്നു ചുംബിക്കുവാന്‍,
സ്വയമെണീല്‍ക്കുവാനാവാതെ
വേച്ചു വീഴുമ്പോള്‍
ആ കൈകള്‍  കൂട്ടിപ്പിടിച്ചെന്‍റെ
മാറോടു  ചേര്‍ക്കാന്‍,
പരിഷ്കാരിയായ് തീര്‍ന്ന  ഈ ചെറുമകള്‍ക്ക്

അറപ്പായിപ്പോയല്ലോ





**പഴയ പാട്ട്**
                                                                      -ഷെഹാൻ  സലാം   

വ്യദ്ധനായ് തീർന്നൊരെൻ കുടിലിന്‍റെ
വാതിൽ തുറന്നച്ഛനെന്നും
പോയിരുന്നു..
തമ്പ്രാന്‍റെ പാടത്തെ നെല്ലിൻ
കതിരുകൾ ഉണരുന്നതിൻ മുമ്പ്
തേക്കൊട്ടയേന്തിയോ പോയിരുന്നു..
അമ്മതൻ നെഞ്ചോട് കുശലം പറഞ്ഞന്ന്
ഞാനും ഇരുട്ടിൽ കിടന്നിരുന്നു..

പനി വന്നു പണ്ട് വിറച്ചൊരു രാത്രിയിൽ
എന്നെയും ചേർത്തമ്മ കരഞ്ഞിരുന്നു.
പണിയെടുത്തില്ല അച്ഛൻ  അന്നെന്നെ
മൃദുവായ് തലോടി അടുത്തിരുന്നു.

കുടിലിന്‍റെ വാതിലിൽ മുട്ട് കേട്ടച്ഛൻ
വിറയോടെ വാതിൽ തുറന്ന നേരം,
തമ്പ്രാന്‍റെ പാദം തലോടിയ നെഞ്ചകം
മണ്ണിലായ് വീണുടഞ്ഞിരുന്നു..

ചേറിന്‍റെ മണമുള്ള പറയന്‍റെ മകനന്ന്
ഞാനും കൈ കൂപ്പി നിന്നിരുന്നു..

മട കെട്ടി വെള്ളം
തടുക്കാഞ്ഞതെന്തെടാ നീ നിന്‍റെ
പറയി തൻ മാറിൽ ചാഞ്ഞ നേരം..?
കാറ്റും മഴയും എനിയ്ക്കായി വേണ്ട
നിൻ ചെറുകൂട് മണ്ണിലായ് കുഴിച്ചു മൂടാൻ..

തമ്പ്രാന്‍റെ ജൽപ്പനം കേട്ടൊരാ മാത്രയിൽ
അച്ഛനോ വീട് വിട്ടോടിയന്നും..
മട കെട്ടി വെള്ളം തടുക്കാതിരുന്നാൽ
നെഞ്ചിൽ തുടികൊട്ടും തമ്പ്രാൻ
വാറ് കൊണ്ട്..

അംബരം കലിതുള്ളി നിന്നൊരാ
രാത്രിയിൽ തമ്പ്രാൻ ചിരിച്ചങ്ങടുത്തുകൂടി..
മാറത്ത് തുണി മറയ്ക്കാനുള്ള നീതിയും
പറയിക്ക് പണ്ടേ തന്നതില്ല.

ചേറ് നാറുന്നവൻ തേക്കൊട്ടയേന്തട്ടെ
നീയെന്നടുത്തേക്കു വന്നിരുന്നോ..
നെഞ്ചിൽ കലർന്ന പ്രാണൻറ്റെ വേദന
അമ്മ കണ്ണിൽ പൊഴിച്ചങ്ങു നിന്നിരുന്നു..
കൈ കൂപ്പി തമ്പ്രാന്‍റെ പാദമോ കഴുകി
ഉപ്പിൻറ്റെ മണമുള്ള നോവ് കൊണ്ട്..

ചേറിന്‍റെ മണമുള്ള പറയന്‍റെ മകനന്ന്
ഞാനും കൈ കൂപ്പി നിന്നിരുന്നു ...

വാനം തുടികൊട്ടി നിന്നൊരാ നേരത്ത്
ഞാനാ മഴയേറ്റ് കണ്ണ് ചിമ്മി..
മേഘം കരഞ്ഞപ്പോൾ ഞാനൊന്ന് നോക്കി,
അവനും പറയന്‍റെ നിറമാണ് വാനിൽ

തമ്പ്രാൻ മുണ്ട്
മുറുക്കിയുടുത്തുകൊണ്ടോലക്കുടയുമായ്
പോയ നേരം
അമ്മേ വിളിച്ചുകൊണ്ടറിയാതെ
ഞാനകത്തേക്ക് മെല്ലെ നടന്ന നേരം
അന്നറിഞ്ഞില്ല ആ കണ്ണുനീർ തുള്ളി തൻ
കഥയും കളങ്കവും എന്തതെന്ന്..?

പറവകൾ വാനിൽ പറക്കുന്ന വേഗമായ്
അമ്മ തൻ മാനവും പോയിരുന്നു ..

ചേറിന്‍റെ മണമുള്ള പറയന്‍റെ മകനന്ന്
ഞാനും കൈ കൂപ്പി നിന്നിരുന്നു..

ചേറിന്‍റെ മണമുള്ള പറയന്‍റെ മകനന്ന്
ഞാനും കൈ കൂപ്പി നിന്നിരുന്നു..

ചേറിന്‍റെ മണമുള്ള പറയന്‍റെ മകനന്ന്
ഞാനും കൈ കൂപ്പി നിന്നിരുന്നു..








വിഷ്ണുപ്രസാദം

                                                 -ഉഷാ പിള്ള ,അമ്പലപ്പുഴ
                                                                                                               



    പുഴയില്‍ മുങ്ങി നിവരുമ്പോള്‍ പ്രഭാതം പൊട്ടി വിടരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഭൂമിയുടെ ഗര്‍ഭത്തിനുള്ളില്‍നിന്നു  പുറത്തേക്കു വരാന്‍ വെമ്പല്‍ കൊള്ളുന്ന സൂര്യന്‍ കിഴക്ക് നിവരുന്നു. തങ്ക രശ്മികള്‍ പാകിക്കൊണ്ട് പവനില്‍ മുങ്ങിയതുപോലെ കിഴക്കന്‍ മലമുകളില്‍ പുലരിയുടെ തുടിപ്പ്. കിളികളുടെ കലപില ശബ്ദങ്ങള്‍ കൊണ്ടും പുഴയുടെ കളകളാരവം കൊണ്ടും  ശബ്ദായമാനമായ അന്തരീക്ഷം. മുങ്ങി നിവര്ന്ന്‍ കൈക്കുടന്നയില്‍ എടുത്ത ജലം ഗായത്രി ജപിക്കാന്‍ സാധിക്കാതെ ഊര്‍ന്നു പോയി. ഒരു നിമിഷം അവന്‍ തന്നിലേക്കു മടങ്ങി. എന്തേ ഇന്നെനിക്ക്? പൂജയ്ക്കെത്താന്‍ സമയമായി. മുത്തശ്ശിയുടെ വായ്ത്താരി കേള്‍ക്കാതെ ഇല്ലത്തെ കോവിലില്‍ എത്തണം. തനിക്കു പത്തു വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ്‌ ഈ പൂജയും തേവാരവും. അടുത്ത കടവില്‍ സ്ത്രീകള്‍ കുളിക്കാന്‍ എത്തിത്തുടങ്ങി. പടിമുകളിലെത്തിയ കാര്യസ്ഥന്‍ രാമുനായര്‍ വിളിച്ചു ചോദിക്കുന്നു: “എന്തേ ഉണ്ണീ വൈകുന്നേ? മുത്തശ്ശിയെ ദേഷ്യം പിടിപ്പിക്കാനാണോ? വേഗം മുങ്ങി വരിന്‍...” നിമിഷത്തിനുള്ളില്‍ വിഷ്ണു കുളിച്ച് ഈറനുടുത്ത് ഓടി അമ്പല നടയിലെത്തി. പാര്‍വതി മുറ്റമടിച്ചു തളിച്ചു കഴിഞ്ഞിരുന്നു.വേഗം നടതുറന്നു. നിര്‍മ്മാല്യം വാരി മാറ്റി. കുടത്തില്‍ വെള്ളം നിറച്ച് കൊണ്ടുവന്നു ഭഗവാനെ കുളിപ്പിച്ചു തിരുവാഭരണങ്ങള്‍ ചാര്‍ത്തി. ഉണക്കലരിയും ശര്‍ക്കരയും നാളികേരവും തിടപ്പിള്ളിയിലെത്തിച്ചു സാവിത്രി ഒതുങ്ങി നില്‍ക്കുന്നു. വിഷ്ണു നടപ്പുര കയറുമ്പോള്‍ ഒളികണ്ണിട്ടു അവളെ നോക്കി. കൃഷ്ണന്‍റെ രാധയോ; എന്ത് സൗന്ദര്യം ഇവള്‍ക്ക്....! പെട്ടെന്ന് ഓര്‍മ്മ വന്നു മുത്തശ്ശിയുടെ വാക്കുകള്‍: “വിഷ്ണൂ, സ്ത്രീകളില്‍ ഭ്രമം അരുത്. നിന്റെ അച്ഛന്‍ നാട് വിട്ടത് അതുകൊണ്ടാണ്.” തിടപ്പള്ളിയില്‍ ഭഗവാനു നേദ്യം ഉണ്ടാക്കുമ്പോഴും ഭക്തര്‍ക്ക് പ്രസാദം നല്‍കുമ്പോഴും അവന്‍റെ മനസ്സ് കൈപ്പിടിയില്‍ നിന്നു വഴുതി മാറിയിരുന്നു . തന്‍റെ അമ്മ എന്തുമാത്രം സഹിച്ചു. ഇല്ലത്തിന്‍റെ മൂലയിലും അടുക്കളയിലും ഒതുങ്ങുന്ന, സദാ സമയവും ദുഃഖം വാരിപ്പുതച്ച മുഖത്തോടെ ഇരിക്കുന്ന സാധുവായ അമ്മ. മുത്തശ്ശിയുടെയും അമ്മായിമാരുടെയും കുത്തുവാക്കുകള്‍ സഹിച്ച് മുണ്ടിന്‍റെ കോന്തലകൊണ്ട് കണ്ണീരൊപ്പുന്ന അമ്മ. അവന്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി....

                        (തുടരും)   








അര്‍ച്ചന
                                                  -   ഗീതാലക്ഷ്മി

കൃഷ്ണായീ ഗാനമൊരു തുളസീദളം
അര്‍ച്ചനയായ്ക്കാഴ്ച വയ്ക്കുന്നു കാല്‍ക്കല്‍
കരളിലെപ്പൂക്കളാല്‍  കോര്‍ത്തമാല്യം
അണിയിക്കാം ഞാനാത്തിരുമാറില്‍ 
കല്‍ക്കണ്ടത്തുണ്ടുപോല്‍  കൈക്കൊള്ളേണ
മെന്നധരമുരുവിടും പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍

അകമേയൊഴുകും പ്രേമപ്പാലരുവിയില്‍
അരുളീടാം നിനക്കഭിഷേകം.
എന്നുള്ളിലെഴും വെണ്ണക്കിണ്ണം
ഏകിടാം നിനക്കമൃതേത്തായ്
വലംപിരി ശംഖായ്‌ മാറും മനസ്സില്‍
നിറയുന്ന പനിനീര്‍ പൂശിത്തരാം

ഹൃത്തിടമിന്നൊരു വൃന്ദാവനമവിടെ
തീര്‍ത്തു ഞാന്‍ നിനക്കൊരു പൊന്നൂഞ്ഞാല്‍
ഹരിനാമ ജപത്തിന്നോളങ്ങ –
ളൊരു യമുനയായൊഴുകവേയതില്‍
നീരാടുവാനെന്‍ ലീലാവിലോലന്‍
നിര്‍മല രൂപനെത്തുവതെന്നോ    
  



മാതാ പിതാ ഗുരു ദൈവം 

                                                              -വി സി കബീർ 

ദൈവം സത്യമെന്നല്ലോ 
പൂർവ്വ സൂരികളുരുവിട്ടു, 
സത്യം, ദൈവമാതെന്നും, 
അമ്മ, നമ്മെ പഠിപ്പിച്ചു! 

അമ്മയും, ഗുരുവും, പിന്നെ 
പിതാവും പിതാവും ദൈവതുല്യരായ് 
കാലാകാലം പുലർത്തീ നാം 
നല്ല മർത്യരായ് വാഴവെ 

കാലം മെല്ലെ കടന്നും പോയ് 
നാട്ടു ശീലുകൾ മാറവേ 
താതനെത്തല്ലിയോടിപ്പാൻ 
മടിയേശാത്ത മക്കളായ്! 

പെറ്റ തള്ളയെ നോവിച്ചും 
കണ്ണീർ കുടിപ്പിച്ചും 
പ്രീതരായ് മക്കൾ വാഴുന്നീ- 
ക്കാലത്തിൻ നവവൈഭവം ! 

പത്രത്താളു പരതുന്നൂ 
വൃദ്ധസദനമെങ്ങുപോൽ ! 
പിന്നെ വേഗമൊരുക്കുന്നോ- 
രമ്മയെ നടതള്ളുവാൻ! 

മാസാമാസം പണം നൽകി- 
യമ്മയ്ക്കന്തിയുറങ്ങുവാൻ 
കഞ്ഞിക്കാശും കൊടുത്തല്ലീ 
തൃപ്തികൊള്ളുന്നു പൊന്നുമോൻ ! 

കാലമേ വടിയുംകുത്തി 
കൂനിക്കൂടി നടക്കവേ , 
ഇടനെഞ്ചുപൊട്ടുന്നൊരീ- 
യമ്മയ്ക്ക് തുണയാവുക 

കാലമേ വടിയുംകുത്തി - 
കൂനിത്തെന്നി നടക്കവെ, 
കാലുതെറ്റി വീഴുന്നോരീ- 
യമ്മയ്ക്കൊരു താങ്ങാവുക ! 

നഷ്ടപ്രഭാവമോർമ്മിച്ചും 
നിദ്ര തീണ്ടാത്ത കണ്ണുമായ് 
ആരെയോ കാത്തിരിപ്പല്ലീ 
ന്യൂ ഹാപ്പി ഹോമിലമ്മമാർ 

അംഗനവാടിയിൽ നിന്നെന്നു- 
മുറക്കെ പാടിയീണത്തിൽ 
ടീച്ചറമ്മയാവർത്തിച്ചാൾ 
മാതാ പിതാ ഗുരു ദൈവം 
മാതാ പിതാ ഗുരു ദൈവം 

ഉണ്ണികളതേറ്റു ചൊല്ലുന്നു 
മാതാ പിതാ - ഗുരു - ദൈവം 
മാതാ പിതാ ഗുരു ദൈവം.





Tonight I Can Write- Pablo Neruda

(വിവര്‍ത്തനം : രശ്മി രാജ് )

എഴുതുവാനതി ദു:ഖമെനിക്കീ രാവിലാ
വരികള്‍ക്ക് വെറുതെയാ വര്‍ണ്ണമൊന്നു ചാലിക്കുവാ ന്‍
രാവിന്‍റെ ആത്മാവ് വഹിച്ചൊരു സമീര ന്‍ 
അകലെയണഞ്ഞു അമ്പല മുറ്റത്തേക്ക് 
ഇന്നെന്‍റെ മഷി ശകലങ്ങ ള്‍ ഏറ്റവും ദുഃഖ-
ഭരിതമാം വരികള്‍ കോറിയിടുന്നു.
അവളെ ഞാന്‍ സ്നേഹിച്ചു, ചിലനേരമവളും 
ഇതുപോലെ തണുത്ത രാത്രികളി ല്‍ 
ചേര്‍ത്തുപിടിച്ചു ഞാനവളെയെ ന്‍ കരങ്ങളാ ല്‍ 
ചുംബന മുത്തുകള്‍ കോര്‍ത്തു ആകാശക്കുടക്കീഴില്‍ 
എന്നെ അവള്‍ പ്രണയിച്ചു, ചില നേരം ഞാനും.....
പ്രണയിച്ചുപോകാതിരിക്കുവാനാവില്ല പ്രകാശ-
മണഞ്ഞിടാത്തൊരാ മാന്‍മിഴിയിണകളെ
ഇനി എനിക്കാ സാമീപ്യമില്ലെന്നു ചിന്തിക്കുവാന്‍
ഹാ! വേര്‍പെട്ടുപോ,യവള്‍ എന്നില്‍നിന്നുമായ് 
കഠിനമായ് മാറി രാവുകളെല്ലാം 
അകന്നുപോയവ,ളെന്നി ല്‍ നിന്നുമായ്‌ 
മഞ്ഞുനീ ര്‍ തുള്ളികളാ ചെടിത്തുമ്പിലെന്നപോ ല്‍
മഞ്ഞുപോല്‍ പൊഴിയുന്നു കവിതയെന്നാത്മാവി ല്‍ 
കാര്യങ്ങളിങ്ങനെ തന്നെയാണെങ്കിലും 
അകലെയെവിടെയോ പാട്ട് മൂളുന്നു, അകലെയായ്.....
ഈ രാവിലാകാശ നഭസ്സില്‍ 
താരങ്ങളുണ്ട,വള്‍ മാത്രമില്ല.....









അവിവാഹിത

- മുഹമ്മദ്ഇഖ്ബാൽ

അമ്മ - രണ്ടക്ഷരം കൊണ്ട് നിറയ്ക്കുന്ന
സ്നേഹമാം ആഴിയിതിൽ ഒരു ബിന്ദുവിന്നു ഞാൻ
സാഗരത്തിൽ കടഞ്ഞെടുത്തമൃതിനെ
മൊത്തിക്കുടിച്ചു മയങ്ങുമെന്നോമലെ
ചെറുമയക്കത്തിലും മുറുകെപ്പിടിച്ച നിൻ
ആദർശ മുഷ്ടിയെ വിപ്ലവമാക്കുക.
നിന്നമ്മ പോരാടുമീ സഹന സമരമുഖ-
മധ്യാഹ്ന വീഥിയിൽ തണലായി നില്ക്കുക. 

നിയതിതുലാസുകൾ ആരായുമാറുള്ള
അർഥം ദ്രവിച്ച മൂന്നക്ഷരം - തെളിവ് - നീ
അകമേ പഴിക്കുന്ന 'അന്യരാം' ബന്ധുക്കൾ-
ശ്വാനർ - എന്നെന്നേക്കുമായ്  തിന്നുവാനോങ്ങി-
എങ്കിൽ നിനക്കായ് ഒരുക്കുന്ന  തൊട്ടിലിൽ
എത്ര കൂരമ്പുകൾ നിറയും പനന്കിളി..  
ഓമലെ നീയിന്നെനിക്കേകും ആശങ്ക-
എന്നന്ത്യ ശ്വാസത്തിൻ വിത്ത്പാകീടുമോ?
എൻ പ്രാണ വേദനയറിയാതെ നീ നല്കും -
തിങ്കൾചിരിക്കെനിക്കെന്തു മറുപടി?
ആരോടു ചൊല്ലുവാനാനെൻ മനോവ്യഥ
ആരുണ്ട് കാതോർതിരിക്കുവാനെൻ കഥ?
കണ്ടു ചിരികക്ക്കുന്നു  അന്നത്തെ അച്ചടി
പിന്നെ, വലിച്ചിറക്കുന്നു  ഓരോ ചായയും.
ആർക്കിന്ന് തോന്നുന്നു 'ഹാ കഷ്ടം' എന്നൊന്ന്
നിത്യേനെ ആഘോഷമാകുന്ന വാർത്തയിൽ!


 കുഞ്ഞേ നിനക്കിന്നതറിയില്ലയെങ്കിലും
നാളെ നീയും കേട്ട് തള്ളുമോ അമ്മയെ?
താരാട്ട് പാടുവാനാകില്ലയെനിക്കിന്നു,
വാല്സല്യമേറ്റി അണയ്ക്കുന്നുവെങ്കിലും
കാലുകൾ പിച്ച വെക്കും കാലം അകലെയല്ലന്നു-
നീ ചോദിക്കുകില്ലേ നിന്നച്ഛ്നെ?
താരകേ നിന്നോട് ചോല്ലുവാനാകുമോ
എന്നിൽ കളങ്കമായ് തീർന്ന ചാരിത്ര്യത്തെ ?
നിന്നുടെ നേർത്ത, വിടർന്ന മിഴികളിലിവ
ഇന്നും എരിക്കുന്നുവെന്നെ ചിതപോലെ !
മൊഴിയറ്റയീ  നാവിൽ അണപൊട്ടിയൊഴുകുമൊ,
ശാപങ്ങൾ പെയ്യുമീ അമ്മ അവിവാഹിത! 

ആവില്ല പൂവേ അതോർക്കുവാൻ പോലും-
നിൻ ജന്മത്തിനാധാരമായ കരിദിനം
എന്നിലെ എന്നെ എന്നേക്കുമായ്  കൊന്നവർ
ചേറും ചെളിയും നിറച്ചുപേക്ഷിച്ചിട്ട്
ഏറെയഴുക്ക് കഴിചന്ധയായ് തീർന്ന-
നീതിയുടെ വെറിവീണ ചേലക്ക് പിന്നിലെ
നഗ്നത കണ്ടാസ്വദിച്ചു ചിരിചിട്ട്,
പുകമറയ്ക്കുള്ളിൽ ചായം മാറ്റിയാടുമ്പോൾ,
ദയയറ്റ ചാട്ടകൾ പാടെന്നിലേറ്റുന്നു,
തലമൂത്ത തുളയട്ടകൾ രക്തമൂറ്റുന്നു.
ചിറകടിച്ചെത്തുന്ന കഴുകൻ ശവം തിന്നുവാൻ-
എൻ സമീപത്ത് ക്ഷമ പഠിപ്പിക്കുമ്പോൾ,
ഉമിനീരു വറ്റുമീ നാവിന്നു നീരേറ്റുവാൻ-
നീ ഒരുക്കുകില്ലേ പാനപാത്രങ്ങൾ? 
ഇരുട്ടാകെയും തുള്ളും പിശാചായി
നിന്റെ കണ്ണീരിനു കണ്ണുരുട്ടും കുഞ്ഞേ,
തേങ്ങി തളർന്നു മയങ്ങുവാനോങ്ങാതെ-
ചാരത്തെ റാന്തൽ തെളിച്ചു ചിരിക്കണം.
നിത്യവും നന്മകൾ സേവിച്ചു വളരണം,
മഴ കൊള്ളും അമ്മക്ക് കുടചൂടി നില്ക്കണം.
അപമാന വൃക്ഷത്തിൻ വിഷവിത്തു തിന്നവർ-
തൂങ്ങിയ ശിരസ്സുമായി ഏറെയുണ്ടാമ്മമാർ, 
അമൃതം കൊടുത്തുയർത്തേൽക്കണം, വിശ്വാസ-
മകുടം വഹിച്ചരുളി വാഴണം സവിനയം:
വീശും  കുലിർക്കാറ്റു താരാട്ട് പാടുന്ന-
നേരമായ് നിദ്രയിങ്ങെത്തുന്ന കാലമായി,
കൈകൾ പുതപ്പാക്കിടാം, മുറിവാറാത്ത-
മാറത്തു ചേർത്ത് നൽകാമമ്മ നല്ലുമ്മ..!            


ഈ  കവിത ആകാശവാണിയുടെ യുവവാണിയിൽ  അവതരിപ്പിച്ചിട്ടുണ്ട് 




പ്രണയസൂര്യൻ

                                              -അനുകൃഷ്ണൻ 

പുഴയായ് ഒഴുകുമെൻ പ്രണയത്തിൻ
കളിയോടം തന്നിൽ തുഴഞ്ഞു  നീ.
കാലത്തിൻ വേദിയിൽ നടനമാടുമെൻ
നിഴലായ് അടയിരുന്നു  നീ.
കണ്ണീരായ് ഒഴുകുമെൻ  ദുഖത്തെ
സ്നേഹത്തിൻ തൂവലാൽ തുടച്ചു നീ.

കാലം നയിക്കുമീ പൊന്നുരുകും മരുഭൂവിൽ
ഞാനിന്നേകനായ്  നില്ക്കവേ.
മനസ്സിൻ ഇരുൾ  മുറിയിൽ
സായാഹ്ന സൂര്യനാം
നിന്റെ പ്രണയം ഞാനറിയുന്നു.

അറിയാതെ ഒരു ദിനം ആരോടും ഓതാതെ
നീയെന്നെ വിട്ടു പിരിഞ്ഞു പോയി
വേദനയോടെ ഞാനോതട്ടെ ഓമലെ
എന്നും നിൻ സ്മൃതിയിൽ ഞാനുറങ്ങും
നിന്  പാൽപുഞ്ചിരിയുമാ  നോട്ടവും
എന്നുള്ളിലെങ്ങും നിറഞ്ഞു നില്ക്കും
ഒരുനാളുമുടയാത്തൊരോർമ്മയായ്  നിൻ  മുഖം
എന്നുള്ളിലെങ്ങും നിറഞ്ഞു നില്ക്കും...






പഴയ വസന്തവും പനിനീര്‍ 
പൂവുകളും

-സുധി .കൃഷ്ണൻ. ബി 

ചീഫ്  ടെക്നിക്കൽ  ഓഫീസർ
എം . ഓ . എസ് ടെക്നോളോജീസ്
കൊല്ലം  



പണ്ട് ഒരു വസന്തമായിരുന്നു

അതില്‍ കുറേ പനിനീര്‍ പൂവുകളും

വസന്തം വീണ്ടും ആവര്‍ത്തിച്ചു

പക്ഷെ പൂവുകള്‍ കൊഴിഞ്ഞിരുന്നു

മുള്ളുകള്‍ ചെടികളില്‍ അവശേഷിച്ചു

ഓര്‍മ്മയിലെ ആ തോട്ടത്തിലൂടെ

വീണ്ടും ചിറകടിച്ച് പറക്കവേ

മുള്ളുകള്‍ എന്നില്‍ മുറിവേല്‍പ്പിച്ചു

മുറിപ്പാടിലൂടെ ഊറിയ

രെക്തം ചെടിക്ക് വളമായി

ചെടികള്‍ വീണ്ടും പുഷ്പ്പിച്ചു

അങ്ങനെ പ്രണയത്തിന്റെ

പനിനീര്‍ പൂവുകള്‍ക്ക്

അന്ന് മുതല്‍ ചുവപ്പ് നിറമായി










ഡെത്ത് ബ്ലോക്ക്‌



-റോഷിന്‍ എ റഹ്മാന്‍




അന്നത്തെ പകലിന് ദൈര്ഘ്യം ഏറെയായിരുന്നു; ശാസ്ത്രത്തിനു കണ്ടെത്താനാവാത്തത്ര ദൈര്ഘ്യം . ബാംഗ്ലൂര്‍ വിക്ടോറിയ ആശുപത്രിയിലെ ‘ഡെത്ത് ബ്ലോക്കിന്’ മുന്നിലെ നീണ്ട കാത്തിരിപ്പ്..... ‘ഡെത്ത് ബ്ലോക്ക്‌’- മരിച്ചവരുടെ മാത്രം സ്ഥലം! തുരുമ്പെടുത്തു തുടങ്ങിയ കൈക്കോടാലിയുടെ ‘സ്പര്ശോനം’ കാത്ത് അകത്ത് പോസ്റ്റുമോര്ട്ടംര ടേബിളില്‍ അനേകം ശരീരങ്ങള്‍. പുറത്ത്, ലോകത്തിലെ ഏറ്റവും മൂര്ച്ച്യേറിയ ആയുധം കൊണ്ട് രക്തം പൊടിയാതെ വെട്ടി മുറിക്കപ്പെട്ട ഹൃദയവുമായി ഉറ്റവര്‍.....

മരണ ഗന്ധത്തോടെ മെല്ലെ കടന്നു പോയ കാറ്റ് അനേകം മനസ്സുകളില്‍ കദനത്തിന്റെന കനം കൂട്ടി. ആംബുലന്സുദകള്‍ വന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഓരോ തവണ പോസ്റ്റുമോര്ട്ടം റൂമിന്റെഓ വാതില്‍ തുറന്നപ്പോഴും ഞങ്ങള്‍ പ്രതീക്ഷയോടെ നോക്കി. അല്ല, അത് ഞങ്ങളുടെ ഡിജിത്തേട്ടനല്ല..... ഈ നിമിഷം വെറുമൊരു ദു:സ്വപ്നം മാത്രമാകണേയെന്ന പ്രാര്ഥേനയോടെ ഞങ്ങള്‍ കാത്തിരിപ്പ് തുടര്ന്നുള. ഒരിക്കലും തിരിച്ചു വരില്ലെന്നുറപ്പുള്ള കാമുകനെയോര്ത്ത്ി കരയാന്‍ പോലും കഴിയാതെ തളര്ന്നി രിക്കുന്ന കാമുകി... ഏക മകന്‍ നഷ്ടപ്പെട്ടെന്ന സത്യം വിശ്വസിക്കാന്‍ പ്രയാസപ്പെട്ട് ഇരിക്കാനോ നില്ക്കാ നോ കഴിയാത്ത അവസ്ഥയില്‍ ഒരു സാധു പിതാവ്. പ്രിയ സുഹൃത്തിനു യാത്രാമൊഴി ചൊല്ലാനാവാതെ വിതുമ്പുന്ന ഒരുപറ്റം സുഹൃത്തുക്കള്‍; കൂട്ടത്തില്‍ ഒരുവനായി ഞാനും. കണ്ണുനീരിന് ഇത്ര ഭാരവും ചൂടും ഉണ്ടെന്ന് അതുവരെ ഞാന്‍ അറിഞ്ഞിരുന്നില്ല.....

***** ***** ***** *****

കാഴ്ചയില്‍ അത്ര സുന്ദരനല്ലാത്ത ഒരു എങ്ങിനീയറിംഗ് വിദ്യാര്ഥിഅ മാത്രമായിരുന്നില്ല ഡിജിത്ത്. അറിവിന്റെന ഒരു കലവറ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ആള്‍; ലോകത്തുള്ള എന്തിനെപ്പറ്റിയും സംസാരിക്കുന്ന ആള്‍; കൂട്ടത്തില്‍ അല്പം മുതിര്ന്നസ ആളായതു കാരണം ‘ഡിജിത്തേട്ടന്‍’ എന്നു വിളിക്കാനായിരുന്നു എല്ലാവര്ക്കു മിഷ്ടം.

പരിചയപ്പെടുന്നവരുടെയെല്ലാം സുഹൃദ് ശൃംഖലയില്‍ ഒരു കണ്ണിയാകാന്‍ അസാമാന്യ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. മരവിച്ച കോളേജ് ദിനങ്ങളിലെന്നോ ഞാനും ഞാനും അദ്ദേഹവുമായി പരിചയപ്പെട്ടു. പിന്നീടങ്ങോട്ട് ഞങ്ങള്‍ തമ്മില്‍ രഹസ്യങ്ങള്‍ ഉണ്ടായിരുന്നില്ല.

ആ നാളുകളിലൊന്നില്‍ ഡിജിത്തേട്ടന് പുതിയൊരു കൂട്ടുകാരിയെ കിട്ടി-സ്വാതി-ഭാഷയിലും സംസ്കാരത്തിലും വ്യത്യസ്ത. കര്ണാഹടകയിലെ കോളേജ് പഠനം സമ്മാനിച്ച കന്നടയും ഇംഗ്ലീഷും കൂട്ടി യോജിപ്പിച്ച് അവര്‍ പ്രണയിച്ചു. എല്ലാറ്റിനും സാക്ഷിയായി ഞങ്ങള്‍ വളരെക്കുറച്ച് സുഹൃത്തുക്കളും.

പ്രോജക്ടിന്റെ തിരക്കുകള്‍ ഞങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ കുറച്ചു. പതിയെ ഞങ്ങളുടെ ജീവിതത്തില്‍ രഹസ്യങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങി.

മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ഡിജിത്തിനെ കണ്ടിട്ടാണ് അന്ന് ഞാന്‍ നാട്ടിലേക്ക് അവധിയെടുത്ത് പോന്നത്. പിന്നീട് ഞാന്‍ കണ്ടപ്പോഴും അദ്ദേഹം മൂടിപ്പുതച്ച് കിടക്കുകയായിരുന്നു ബാംഗ്ലൂര്‍ സാഗര്‍ അപ്പോളോ ആശുപത്രിയിലെ രോഗികളുടെ വേഷത്തില്‍! ആക്സിഡന്റ്് ആയിരുന്നു- കാഴ്ചയില്‍ യാതൊന്നും സംഭവിക്കരുതാത്ത ആക്സിഡന്റ്ാ. തലയ്ക്കുള്ളിലായിരുന്നു പരിക്ക്. രക്ഷപ്പെടാനുള്ള സാധ്യത ഡോക്ടര്മാറര്‍ തള്ളിക്കളഞ്ഞില്ല. പുരോഗതി കൈവരിച്ചുകൊണ്ടിരുന്ന ദിനങ്ങളിലൊന്നിലാണ് ഞാന്‍ അദ്ദേഹത്തെ വീണ്ടും കാണുന്നത്. വളരെയധികം സംസാരിക്കാറുണ്ടായിരുന്ന ആള്‍, ഒന്നും സംസാരിക്കാനാവാതെ, വാടിത്തളര്ന്നഹ ഒരു പൂവുപോലെ കിടക്കുന്നു. കാമുകിയെ കാണാന്‍ അദ്ദേഹത്തോടൊപ്പം പോയിരുന്ന ഞാന്‍ അദ്ദേഹത്തെ കാണാന്‍ അദ്ദേഹത്തിന്റെ കാമുകിയോടൊപ്പം പോയി! കാലത്തിന്റെെ ക്രൂരമായ വികൃതി! മടങ്ങാന്‍ മനസ്സുവന്നില്ലെങ്കിലും മടങ്ങിപ്പോന്നു.

***** *****

ഉച്ചക്ക് ഹോസ്റ്റല്‍ മെസ്സിലെ ‘ചെടിച്ച’ ‘പുലാവ്’ കഴിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെയാണ് ആ വാര്ത്ത് എന്റെെ കാതുകളിലെത്തുന്നത്- ഡിജിത്തേട്ടന്‍ പോയി..... ലോകം ഈ നിമിഷം അവസാനിച്ചെങ്കിലെന്ന് പ്രാര്ഥിടച്ചുപോയി ഞാന്‍.

***** ***** ***** *****

പോസ്റ്റുമോര്ട്ടം റൂമിന്റെ. വാതില്‍ പിന്നെയും തുറക്കപ്പെട്ടു. തുന്നിക്കെട്ടിയ മുഖവുമായി ഡിജിത്തേട്ടന്‍..... ഒരായിരം ആഗ്രഹങ്ങള്‍ ഉള്ളിലടക്കിപ്പിടിച്ച ഒരു കൊച്ചു കുട്ടിയെപ്പോലെ തോന്നിച്ചു ആ മുഖം. ആംബുലന്സികന്റൊ വാതില്‍ അടഞ്ഞു. എന്നും നാട്ടില്‍ പോകാന്‍ ആഗ്രഹിച്ച ഡിജിത്തേട്ടന്റെട അവസാന യാത്ര..... കണ്ണീരിനു ഉപ്പുരസമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു..... 




അഹല്യ


-ഗായത്രി ജയകുമാര്‍



രാമപാദസ്പര്‍ശനം ഇവള്‍ക്കു പാപമോചനം
ശുദ്ധയോ വിശുദ്ധയോ, അറിഞ്ഞതീല ഇംഗിതം
ഭര്‍തൃസേവ കണ്‍നിറഞ്ഞ പുലരി വന്നു നിന്നതും
നിഴലുപോലും തോല്‍വിചൊല്ലും രൂപം മാറി വന്നതും
അറിവുകേടു കണ്ടതും മുനിയാല്‍ ശപിധമായതും
ശിലയതായുറച്ചുപോയി പെണ്മനസ്സിന്‍ സങ്കടം.
യുഗയുഗാന്തരങ്ങള്‍ താണ്ടി പാപമോക്ഷ പാദുകം,
കാനനം തിരഞ്ഞുവന്നു ശിലയില്‍ പാദ സ്പര്‍ശനം.
ശിലയനങ്ങി, യുവതിയായ് നമിച്ചു താണുവീണതും,
എന്‍ മനസ്സില്‍ അലയടിച്ച സത്യമെത്ര കൌതുകം!
പരപുരുഷ സംഗമം ശാപമായി വന്നതും,
പരപുരുഷ സ്പർശനം മോക്ഷമായ് ഭവിച്ചതും!








ഉടയോരില്ലാത്തവർ


-ഷെഹാൻ  സലാം   


തെരുവിൻറ്റെ വക്കിലെ പള്ളി സെമിത്തേരിക്ക് വീണ്ടും കിഴക്കോട്ട് തിരഞ്ഞു ചെന്നാൽ,കനിവൊക്കെ വറ്റി വിറങ്ങലിച്ചുള്ളൊരായിരം ഗേഹങ്ങൾ ചാരമായ്ത്തീർന്ന പൊതുശ്മശാനത്തിൻ തൂണ് കാണാം.
കത്തിപ്പിടിക്കുന്ന തീയങ്ങ് തിന്നുമ്പോൾ വെറിപിടിച്ചെന്നോ കൊതിയോടെ പാഞ്ഞൊരീ ഗേഹങ്ങളൊക്കെയും ചോരമറഞ്ഞ് കിടന്നിരുന്നു..

ഒക്കെയും ഉടയോരറിയാത്ത പാപികൾ അല്ലെങ്കിൽ മക്കളെറിഞ്ഞ അമ്മമാർ.. ചിതകത്തി എരിയുമ്പോൾ കണ്ണുനീർ വാർക്കുന്ന പഴയ കാഴ്ചകൾ ഇവിടെയില്ല. 
തീ കൊളുത്തുന്ന വടക്കെവിടെ ഉള്ളോന് കപ്പം കൊടുത്താൽ കരഞ്ഞങ്ങ് തീർക്കും വീണ്ടും കൊടുത്താൽ കെട്ടിപ്പിടിക്കും.
പാടം കരിഞ്ഞങ്ങ് പച്ചപ്പ് പോയപ്പോൾ നേരും നിറച്ചാർത്തും കൂടങ്ങ് പോയി.. പുരോഗമനചിന്തകൾ നമുക്കെന്നുമാവശ്യം,പിറകോട്ട് വലിച്ചാൽ അതാണനാവശ്യം..


മരണപ്പുക മേലോട്ടുയരുന്ന ശ്മശാനത്തിൻ മുകളിൽ പറവകൾ പറന്നതില്ല..
ഉരുകുന്ന മാംസം തെരുവക്കിലൊക്കെയും മണിമുഴക്കംപോൽ പ്രതിധ്വനിച്ചു.

.'ഞാനീ നൂറ്റാണ്ടിൻ പുത്രനാണ്,എനിക്ക് മരണം അസംഭവ്യമാണ്'ഈ പാഴ്സ്വപ്നവും പേറി പണമോടും വഴിയേ പായുന്ന ഞാനും കിതച്ചു വീഴും,വീഴും വഴി നിങ്ങൾ എന്നെയും മറയ്ക്കാൻ ഉടയോനില്ലാതെ വലിച്ചെറിയും...








രാധിക

-സുധീ കൃഷ്ണന്‍ ബി


ഹൃദയഗീതം മുരളിയിലാവാഹിച്ച -

പ്രണയ ഗായകന്‍റെ തൃപ്പാദ പദ്മങ്ങളിൽ

വിരഹത്തിന്‍റെ  പനിനീർ മുകുളവുമായ്

രാധയുടെ ബാഷ്പാഞ്ജലി ...........


ചെഞ്ചുണ്ടിലാകെ പടർന്ന് വിടരാതെ --

നിന്നൊരാ പാൽപുഞ്ചിരിയാൽ

പാലാഴി  തീർക്കുന്നു

കോടക്കാർവർണ്ണൻ (കുറുമ്പൻ )
  

വിരഹ നൊമ്പരത്തിൽ ഒഴുകി നിറയും കണ്കളും

പിടയും കരളിന്‍റെ നൊമ്പരവും  രാധതൻ 

ഉടലാകെ പടരുന്നു ദുഖമായ് ,,,

തീവ്ര തീ നാളമായ് ..............


മേടമാസപുലരിയിലാ നാട്ടുവഴിയോരത്ത്

നാടൻ  പുവും ചൂടി 

നാണിച്ച് നമിച്ചൊരു

സുന്ദരിക്കൊന്നയായി രാധ കാത്തുനില്ക്കുന്നു .............


                                                               
                                                                                      ( ഗ്രന്ഥപുരമാസിക 2013       )
                                                                                  (  കേരളഭൂഷണം പത്രം 2013 )



കൊല്ലം ജില്ലയിലെ മുളവന ഗ്രാമത്തില്‍ 1992-ല്‍ സുധാ കുമാരിയുടെയും , ബാലകൃഷ്ണ പിള്ളയുടെയും മൂത്തമകനായി ജനിച്ചു. 2010 മുതല്‍ സമാന്തര മാസികകളി ലൂടെ കഥയും കവിതയും ഒക്കെയായി സാഹിത്യ രംഗത്ത്‌ സജീവമായി നില്‍ക്കുന്നു. കേരളഭൂഷണം പത്രത്തില്‍ ഏഴു ചെറു കഥകളും രാധിക എന്നാ ഈ കവിതയും, ഗ്രന്ഥപുര , സാഫല്യം , ഗ്രേറ്റ്‌മാര്‍ച്ച്‌ , തനിമ തുടങ്ങിയ മാസികകളില്‍ അന്‍പതില്‍ പരം മിനി കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . നൂലേലി മാഷുമായിയുള്ള സൗഹൃദവും , മാഷിന്‍റെ പ്രോല്‍സാഹനവും എഴുത്തിന്‍റെ വഴിയില്‍ ഒരുപാട് സഹായമായിട്ടുണ്ട് . 2013-ല്‍ പ്രഥമ ഗ്രന്ധപുര പുരസ്ക്കാരത്തിനായി മത്സരിച്ച കവിതകളില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു എന്നതും രാധിക എന്ന കവിതയുടെ പ്രത്യേകതയാണ്.

    2014 –ല്‍ ഇലട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബിരിധം നേടിയ ശേഷം ഒരു വര്‍ഷം പൊളിടെക്നിക്ക് കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തു , എപ്പോള്‍ സ്വന്തമായി വ്യവസായം നടത്തുന്നു .  


***************************************************************************************************

അകക്കാഴ്ച്ച 

-ഗീതാലെക്ഷ്മി 

അകലെ നീ അകലെയായിരുന്നാലുമെന്‍
ആത്മാവു നിന്നരികില്‍ത്തന്നെ
തരില്ല ദര്‍ശനമെന്നോതി മാഞ്ഞാലും
പിറകെയെത്തും ഞാന്‍ നിന്‍ കാല്‍പാടു നോക്കി
പയ്യിനെ വേര്‍പെട്ടൊരിളം പൈക്കിടാവു
പോലെന്‍ മനം വേപഥു പൂണു നിന്നെക്കാണാന്‍
കിടാവു വേര്‍പെട്ട പയ്യിനെപ്പോലെ നിന്‍
മനമുഴറുന്നുണ്ടോയെന്നെക്കാണായ്കില്‍?
കണ്മുന്നില്‍ നിന്നെയൊന്നു കാണാനായെന്‍
കണ്ണുതുറന്നു ചുറ്റും പരതിനോക്കുന്നു;
അകക്കണ്ണില്‍ നിന്നെക്കാണാനായെന്‍
കണ്ണുകള്‍ പൂട്ടി ഞാനിരിയ്ക്കുന്നു.....




****************************************************************************************

അപ്രിയസത്യം 

-മുജീബ് എസ് 

അലങ്കാര മത്സ്യമേ
നീ മീനല്ല
നഗരനടുവിലെ
ശീതീകരിച്ച മുറിയിലെ
ഒന്നരച്ചാണ്‍ സ്ഫടിക
ക്കൂടിനപ്പുറം നിനക്കറിയില്ല
ലോകം


നിനക്കു 
പുഴയാഴമറിയില്ല
ഒഴുക്കിനെതിരേ
നീന്താനുമറിയില്ല
ഒറ്റാലില്‍ നിന്നു
തെറ്റാനുമറിയില്ല
നിനക്ക്
പ്രണയമറിയില്ല
ഇണയുടെ വാലുരുമ്മി
കുറുകാനുമറിയില്ല


പുതുമഴപ്പെയ്ത്തിലാ -
ഹ്ളാദം പൂണ്ടു നീങ്ങു
മൊരു കുരുന്നും കൗതുക
ക്കണ്ണാല്‍ നിന്നെവിളിക്കില്ല
മാനത്തു കണ്ണീ യെന്ന്.
നിനക്ക്
പെരുമഴപ്പെയ്ത്തും
വേനല്‍വരള്‍ച്ചയുമറിയില്ല.


ഒടുവിലൊരു ചൂണ്ടലില്‍
പ്രാണന്‍ പിടയുമ്പോള്‍
ചെകിളയൊന്നടര്‍ത്തി
അവസാന ശ്വാസമെടു
ത്തൊടുങ്ങാനും നിനക്കറിയില്ല.
നീ മീനല്ല.







മുയൽ ജന്മം


-ഉണ്ണികൃഷ്ണൻ പൂഴിക്കാട്



ഏതൊരു

മുയലിന്റെയുള്ളിലും

ഒരു സിംഹമുണ്ട്.

ഏതൊരു

സിംഹത്തിന്റെയുള്ളിലുമുള്ള

മുയലിനേക്കാൾ വളരെ വലുത്.

ഉള്ളിലത്

ഗര്ജ്ജിക്കുന്നുണ്ട്.

അരിശം സദാ

സട കുടഞ്ഞെഴുന്നേൽക്കുന്നുണ്ട്.

അരിപ്പല്ലുകൾ മനസിൽ രാകി

മൂർച്ച കൂട്ടുന്നുണ്ട്.

വന്യമായ ഒരു വേട്ടയാടലിന്റെ

തൃപ്തിയോടെയാണ് കാരറ്റ്

തിന്നുന്നത്.

ചോര പൊടിയുന്നുണ്ടോയെന്ന്

ഒളിങ്കണ്ണിട്ടു നോക്കുന്നുണ്ട്.

പിന്നെ,

വരുംജന്മ ഹിംസ്രതകൾ

വെറുതെ സങ്കൽപ്പിച്ച്

പൊന്തക്കാട്ടിൽ അലസം

ശയിക്കുമ്പോൾ ,

ചെവിയിൽ തൂക്കിയെടുക്കുന്നവരോട്

മുയല ദയയ്ക്കായി

കൈകൂപ്പി യാചിക്കുകയല്ല;

വരും ജന്മത്തിലെങ്കിലും 

സിംഹമായി ജനിപ്പിക്കണേയെന്ന്

ദൈവത്തോട് ആത്മാർഥമായി

പ്രാർഥിക്കുകയാണ്.






സര്‍ക്കസ്

-മുജീബ് എസ്


അത്താഴപ്പട്ടിണിക്കാരിയുടെ

അടിവയറളവു തേടാനാ

ളു കൂടുന്നിടം

കുള്ളന്ടെ കണ്ണീരിലും

കോമാളിത്തരം കണ്ട്

കൈയടിക്കുന്നിടം

കത്തിയേറുകാരന്ടെ കൈപ്പിഴയൊ-

ന്നിനായ് കണ്ണൊട്ടു ചിമ്മാതെ

കാത്തിരിക്കുന്നിടം.

മരണക്കിണറാഴത്തില്‍

പാഞ്ഞുചുറ്റുന്നോനെ

കാശുകാട്ടി കളിപ്പിക്കുന്നിടം






അന്ത്യ കൂദാശ


-റോഷിന്‍ എ റഹ്മാന്‍ 




മനസ്സില്‍ നഷ്ടങ്ങളുടെ 


കുന്തിരിക്കം പുകയുന്നു

ഇത്, എന്റെ സ്വപ്നങ്ങളുടെ 

അന്ത്യകൂദാശ!

വിഷാദ വദനരായി 

ഓര്‍മ്മകള്‍ 

ചുറ്റും കൂടി നില്‍ക്കുന്നു.

ഒപ്പം, 

ഒരു ചെറു ചിരിയുമായി

കാലവും.....

സ്വപ്നങ്ങളുടെ ആത്മാവിനെ 

പറിച്ചെടുത്ത്

നീ എങ്ങോട്ടാണ് പോയത്?

വേദനയുടെ 

കാണാക്കയത്തിലേക്കോ,

അതോ,

വഞ്ചനയുടെ കല്‍പ്പടവുകളിലേക്കോ?

ഇന്നലെകളിലെ സത്യവും 

ഇന്നിന്‍റെ ചോദ്യവും,

നാളെയുടെ ഓര്‍മ്മയും, നീ.....

നഷ്ടങ്ങളുടെ ചന്ദനമുട്ടിയില്‍ 

പുകഞ്ഞൊടുങ്ങാന്‍ നിമിഷങ്ങളെണ്ണുന്ന

എന്‍റെ സ്വപ്നങ്ങളുടെ 

വിറങ്ങലിച്ച ഹൃദയത്തെ 

ചിന്തകളുടെ ചില്ലുകൂട്ടില്‍ 

ഭദ്രമായി സൂക്ഷിക്കുക!

ഇനിയൊരു ജന്മമുണ്ടെങ്കില്‍ 

നിനക്കായ് മാത്രം സ്പന്ദിച്ച 

ആ ഹൃദയം 

എനിക്ക് തിരികെ നല്‍കുക;

അനുഭവങ്ങളുടെ മണിച്ചിലങ്കയും

പ്രതീക്ഷയുടെ പട്ടുടയാടകളും 

സ്വന്തമെന്ന തിലകക്കുറിയും 

ചാര്‍ത്തി...



--------------------------------------------------------------------------------------------------------------------------


തീപ്പെട്ടി
                                                          
   -ഷാലു ചെറിയാൻ


താഴെ കുറെ കൂടുകൾ ചലിക്കുന്നു..
ഇടയ്ക്ക്...
രണ്ട് കൂടുകൾ ചുംബിച്ചതിൽ നിന്ന്
തീയൊഴുകി...
അതിൽ ഒന്നിന്റെ പിന്നിൽ
ഒരു സ്റ്റിക്കർ...
"ഡോൻഡ് കിസ് മീ..."
ഞാൻ തണുത്തു വിറച്ചു...
ഒരു സിഗരറ്റെന്റെ
ചുണ്ടിൽ തിരുകിയിട്ട്‌
പോക്കറ്റിൽ പരത്തി...
തീപ്പെട്ടി കിട്ടി...
പക്ഷെ,
അത് തണുത്ത് മരവിച്ചിരുന്നു...

-------------------------------------------------------------------------------------------------------------------------

എനിയ്ക്കുമൊരു മരം

-ഹരിത ഉണ്ണിത്താൻ 
(Asst. Professor, NSS College, Nilamel 

Translator at DC Books 

Lyricist (VISHUKKANI) )


മരണത്തിനപ്പുറമേത് മരമായുണരണംഞാൻ,
ജനനത്തിനിപ്പുറമേത് തളിരായ് തളിർക്കണം ഞാൻ....
വിടചൊല്ലി, കണ്ണിൽനിന്നുയിർ വറ്റി, പട്ടുപോയൊരീമാംസബാക്കിയെ ഏതു മഹാവൃക്ഷത്തിൻ കുരുന്നാക്കണം ഞാൻ..
എന്തെന്തു പുൽനാമ്പുകളെനിക്കുചുറ്റും..
ഏതേതു പൂമരങ്ങളെനിക്ക്ചുറ്റും..
എന്നെയേറെ സഹിച്ചൊരാ കിളിമരമായല്ലാതെ ഞാനെങ്ങിനെയുണരാൻ..
ആയിരം പെരുമഴയൊന്നിച്ചുപെയ്താലും
നീയെന്നയിത്തിരി വെയിൽ നാളമില്ലാതെ... വസന്തസാന്ത്വനമില്ലാതെ എങ്ങനെ കൺതുറപ്പൂ ഞാൻ...
തെഴുത്ത ശാഖിതൻ ശൽകങ്ങളായുതിരുംമൗനം.
പ്രാണനേചുറ്റിവരിയുമൊരു വള്ളിപ്പടർപ്പായി നീയും..
സ്വപ്നങ്ങൾതൻ വെൺസൗഗന്ധികങ്ങളും..
എനിക്ക് മരിയ്ക്കുവാൻ തോന്നുന്നൂ..
നീയുമൊത്തിങ്ങനെ പുനർജനിയ്ക്കാൻ... 



-------------------------------------------------------------------------------------------------------

സൊമാലിയ

-ഷഹാൻ സലാം

സൊമാലിയ...നീല പരവതാനിയിൽ ഭീതിയുടെ കറുത്ത പുക കണ്ണുനീര് പോലെയും താഴെ മണ്ണിൽ വന്ധ്യതയുടെ അന്ധത കരിനിഴൽ പോലെയും നിൽക്കുന്നിടം..

മഴയുണ്ടോ പെയ്യുന്നു..? ഈ കറുത്ത മേഘം ഒന്ന് എരിഞ്ഞടങ്ങിയിരുന്നെങ്കിൽ...

വിശന്നു വലഞ്ഞ പീരങ്കികളും വയറൊട്ടിയ തോക്കുകളും ആ വന്ധ്യതയുടെ മണ്ണിൽ ഇര തേടി അലഞ്ഞു..

കാതടപ്പിയ്ക്കുന്ന പ്രകമ്പനങ്ങളൊക്കെ നിതൃോത്സവത്തിൻറ്റെ ഭേരികൾ മാത്രമായ്...

വയറൊട്ടി വലിഞ്ഞ കോലങ്ങളിൽ നിന്നും ചോരച്ചുവപ്പ് മാറാത്ത ബീജങ്ങൾ പലരുടെ മുന്നിലും തുറന്നുകൊടുത്ത വാതിലുകളിലേക്കു പ്രവേശിച്ചുകൊണ്ടേയിരുന്നു....

പുതിയ ലോകത്തിൻറ്റെ അശാന്തത കണ്ട് പൊട്ടിക്കരഞ്ഞ് തുടങ്ങുന്ന ഓരോ കുഞ്ഞിൻറ്റെ കരച്ചിലും രണ്ടാമതൊരു ശാന്തത വന്നണയുന്നതു വരെ തുടരും...

ആദ്യത്തെ കരച്ചിലിനും അവസാനത്തെ നെടുവീർപ്പിനും ഇടയിലുള്ള രതി ആണ് എല്ലാ ജീവിതങ്ങളും..

മാറാടിക്കൊണ്ടിരിയ്ക്കുന്ന നാഗത്തെ കല്ലെറിഞ്ഞ് തല തകർക്കുന്നതു പോലെ ഇവിടെ ജീവിതങ്ങൾ രതിസുഖ പാരമ്യതയിൽ എരിഞ്ഞ് ഇല്ലാതാവുന്നു......

-----------------------------------------------------------------------------------------------------

പോയിന്റ് ബ്ലാങ്ക്

                                                         -അഭിലാഷ് ബാബു

കനൽ പേറുന്നതാണ് അത്.
ലോഹ നിർമ്മിതവുമാണ്.
അതിനാൽത്തന്നെ ലെഡ്പെല്ലറ്റുകൾ 
അതിനെത്തുളയ്ക്കുമ്പോൾ 
തീപ്പൊരി പാറേണ്ടതാണ്.

എന്നാൽ 
ചുറ്റും മരണത്തിന് 
മുൻപേ മരവിപ്പെത്തിയിരുന്നു.
ഇരുൾ പരന്നിരുന്നു.
അതിനാലാണല്ലോ 
മരവിച്ച കൈകളിലിരുന്ന് 
കുഴലിന് ആരുമറിയാതെ
ഇത്രയും ചരിക്കാനായത്--
ഏതു തോക്കും മോഹിക്കുന്ന 
ഏറ്റവും അനുകൂലമായ റെയ്ഞ്ച് വരെ !

കാഴ്ച്ചകളാകെയും
തോക്കുകൾ മുന്നിലേക്ക് മറ്റു പോയിന്റ്ബ്ലാങ്കുകൾ 
തേടിത്തുടങ്ങുമ്പോഴേക്കും 
'രക്ഷപ്പെട്ടു' എന്ന് അണഞ്ഞു പോകുന്ന 
ടാർഗറ്റുകളുടെ കനൽക്കണ്ണുകളിൽ -- 
തങ്ങളുടെ 
പിന്നിലെ പോയിന്റ്ബ്ലാങ്കുകകളിലേക്കുപോലും 
തുറക്കാത്തവ,
അങ്ങനെ, വെളിവും ചൂടും 
സ്വന്തം കണ്മുന്നിലെ മാത്രം കഥകളാക്കുന്നവ.

തണുപ്പിൽ, ഇരുളിൽ
പോയിന്റ് ബ്ലാങ്കിൽ* ഉതിർക്കുന്നവയ്ക്കേ ചൂടുണ്ടാകൂ.
മറ്റെല്ലാ റെയ്ഞ്ചുകളിലും വെച്ച്
വാക്കുതിർക്കുന്ന വാക്കുഴലുകളിലേക്ക്
സുലഭമായ മഞ്ഞ് തിരുകുകയാണ് ശൈത്യം...
മറ്റെല്ലാ റെയ്ഞ്ചുകളിൽനിന്നും കാഴ്ച അസാധ്യമാകുംവിധം 
ഇരുൾ പടർത്തിയിരിക്കുകയാണ് 
സുദീർഘമായ 'ധ്രുവ'രാത്രി.


* നേരിട്ടുള്ള മറുപടി കാക്കാത്ത മറുപടി ഇല്ലെന്ന് ഉറപ്പു വരുത്തുന്ന ആക്രമണങ്ങൾ..

------------------------------------------------------------------------------------------------------



സ്മൃതി

                                                                         -മുജീബ് എസ്            
  

നീയെനിക്കൊരൊറ്റ
രാത്രിസ്വപ്നമല്ലല്ലോ
രണ്ട് പകലുകൾക്കപ്പുറം

ഓര്മകളറ്റുപോകാൻ





------------------------------------------------------------------------------------------------------------------------







"അല്ലറ ചില്ലറ "



                                                                 -അപര്‍ണ ആർ 






1.



ഞാന്‍ ഉണര്ന്നെങ്കിലോ

എന്ന് കരുതി നീ

നിന്നോട് തന്നെ

അത്രമേല്‍

അടക്കം

പറഞ്ഞ

വാക്കുകള്‍.




2.


കണ്ണടച്ചാല്‍

കാണാമെനിക്ക്,

ചുണ്ടറ്റത്തൊരു

ചൂളവുമായി

അല്‍പ്പമൊന്നു

മുന്നോട്ടാഞ്ഞ്‌

വാക്കുകളുടെ

വായ്ത്തല

കൂര്‍പ്പിച്ചങ്ങനെ

എഴുതാനിരിക്കുന്ന

നിന്നെ.





നിന്റെ കൈമുട്ടോളം

തെറുത്തുകയറ്റിയ

കുപ്പായക്കൈ,

കൈത്തണ്ടിനെ

മുകളിലേക്ക്

കറുപ്പിലെ

വെളുപ്പെന്നും

താഴേക്കു

വെളുപ്പിലെ

കറുപ്പെന്നും

പകുത്തെടുക്കുന്നത്

നോക്കിയിരിക്കുന്ന

എന്നെയും.




3.


ഓര്‍മ്മകളുടെ

പടം പൊഴിച്ച്

മറവിയിലേക്ക്

ഇഴഞ്ഞ് പോകാന്‍

ശ്രമിക്കുന്ന

പാമ്പേന്നൊ,

പാളം തെറ്റി ഓടുന്ന

വണ്ടിയിലിരുന്ന്

വീണ്ടും വീണ്ടുമിങ്ങനെ

അപായ ചങ്ങല വലിച്ച്

നിര്‍ത്തുന്നതാരാകും

എന്നോര്‍ത്ത്കൊണ്ടിരിക്കുന്ന

ഞാനെന്നോ

വിശേഷിപ്പിക്കാമായിരുന്നിട്ടും,

മറക്കാനാകാത്ത

മാത്രകളെ

പൊഴിച്ച്

നില്‍ക്കുന്ന

ഒരൊറ്റമരം

എന്ന ഉപമ

മതിയെന്ന്

ഉറപ്പിച്ചത്

എന്തെന്നാല്‍,




കോഴിഞ്ഞാലും,

വെയിലിലെരിഞ്ഞാലും,

തീട്ടം മൂടിയാലും,

ചവുട്ടി അരഞ്ഞാലും,

അഴുകി ദ്രവിച്ചാലും,




മരണമോ

മറവിയോ

മായ്ക്കുവോളം

കൂട്ടിനുണ്ടാകുമല്ലോ

കണ്‍വെട്ടത്ത്

കാല്‍ക്കീഴില്‍.





( എറണാകുളം ഇടപ്പള്ളി സ്വദേശിനിയാണ്. കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷിൽ എം എ യും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിൽനിന്ന് എം ഫിലും നേടിയ അപര്‍ണയുടെ കവിതകൾ ഭാഷാപോഷിണി അടക്കമുള്ള മുഖ്യധാരാമാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ചാരിയിരിക്കാൻ ചിലത്’ എന്ന അപര്‍ണയുടെ ബ്ലോഗിന് ഓണ്‍ലൈനിൽ നിരവധി വായനക്കാരാണുള്ളത്. )




---------------------------------------------------------------------------------

മുല്ലമലർക്കിനാവിലാരോ... 


                                                                              - ഗീതാലെക്ഷ്മി

 

ഇന്നലെയെന്‍ കിനാവില്‍ ഞാനെന്‍
ഇന്ദ്ര നീലക്കല്‍ മണ്ഡപം കണ്ടു
ഇന്ദുകിരണങ്ങള്‍ തന്‍ പ്രഭയിലരികത്തായ്
ഇന്ദീവരങ്ങള്‍ പൂത്ത പൊയ്കയും കണ്ടു

ചിത്രമനോഹര മണ്ഡപത്തൂണ്‍ ചാരി
ചൈത്രമാസപ്പൂങ്കാറ്റേറ്റിരിക്കവേയൊരു
ചിത്രശലഭംപോല്‍ കാറ്റിന്‍ ചിറകേറി വന്ന്‍
ചുറ്റും വിരിഞ്ഞ പൂക്കളെത്തൊട്ടു തലോടി നിന്നതാര്?

പൊയ്കതന്‍ പവിഴപ്പടവിറങ്ങി
പനിമതി കണ്ണാടി നോക്കുന്ന വെള്ളത്തില്‍
പുളകംപോലലകള്‍ വിരിയിച്ചൊരു
അരയന്നമായ് നീന്തിത്തുടിച്ചതാര്?

കുളികഴിഞ്ഞീറന്‍ മാറിയൊരുങ്ങി
ഒരുപിടി മുല്ലപ്പൂക്കളിറുത്തു മടങ്ങവേ
അറിയാത്ത ഭാവത്തിലെന്‍ നേര്‍ക്കൊരു
ഒളികണ്‍ നോട്ടമെറിഞ്ഞതെന്തിനോ. ..



---------------------------------------------------------------------------------


ഇരുട്ട്

                           -റോഷിൻ. എ. റഹ്മാൻ    

കണ്‍മുന്നില്‍ കണ്ടത്
ഇരുട്ടു വീണ
നിറക്കൂട്ടുകള്‍;
കണ്ടതൊക്കെയും
വിവിധ രൂപങ്ങള്‍,
ഭാവങ്ങള്‍;
എങ്കിലും,
ജീവന്‍ വെടിയുന്ന
ബാല്യങ്ങള്‍ കണ്ടില്ല,
യുദ്ധം കൊതിക്കുന്ന
‘ഭ്രാന്തരെ’ കണ്ടില്ല,
അഭയമഭ്യര്‍ത്‌ഥിച്ചവരെ-
യരുംകൊല ചെയ്യുന്ന
മനുഷ്യ മൃഗങ്ങളെയും
കണ്ടില്ല!
പ്രഭാതത്തിലും മധ്യാഹ്നത്തിലും,
സായംസന്ധ്യയിലും
ഞാന്‍ കണ്ടത്
പ്രകാശപൂരിതമായ,
വര്‍ണ്ണ ശബളമായ
ഇരുട്ടു മാത്രം!
ഉള്‍ക്കണ്ണില്‍
തിമിരം ബാധിച്ചവന്‍
പുറം കണ്ണാല്‍ കാണ്മതിനെ
ഇരുട്ട് എന്നല്ലാതെ
മറ്റെന്തു വിളിക്കാന്‍?
നിറമാര്‍ന്ന ഇരുട്ട്!!!!!





--------------------------------------------------------------------------------------------------

സ്നേഹമരം

       -ഷാലു ചെറിയാൻ  


എന്നെക്കുറിച്ചുള്ള ഓര്‍മ്മക 
ഒലിച്ചുപോകാതെയിരിക്കാന്‍
എല്ലാ മഴനേരങ്ങളിലും
ഒരു സ്നേഹക്കുടയുമായ്
ഞാന്‍ കൂട്ടുവരാം
കൊടുംവേനലില്‍ ഓര്‍മ്മക 
വറ്റിവരളാതിരിക്കാന്‍
ഒരു നീര്‍ക്കുടം കരുതിവെക്കാം
ചോരമണമുള്ള ഒറ്റമരമാകാതിരിക്കാ
പച്ചിലഞരമ്പുകളില്‍ സ്നേഹം നിറച്ച്
മറ്റൊരു മരമാകാം ഞാ...


(ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം ഞക്കനാൽ സ്വദേശിനിയായ  ഷാലു ചെറിയാൻ മലയാള മനോരമയുടെ പലതുള്ളി-എന്റെ കേരളം കവിതാ പുരസ്കാരം, മാർത്തോമ്മ യുവജനപ്രസ്ഥാനം 2013- ൽ നടത്തിയ അഖില കേരള കവിതാരചനാ  മത്സരത്തിൽ ഒന്നാംസ്ഥാനം തുടങ്ങി നിരവധി അഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഭാഷാപോഷിണി മാസികയിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. . ഇംഗ്ലീഷ് അധ്യാപികയാണ്. 
--------------------------------------------------------------------------------------------------


    

No comments:

Post a Comment